ലഖ്നൗ: ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും രാമക്ഷേത്ര നിർമാണത്തിന് തടസം നിന്നവർക്കും ഇനി സ്ഥാനമില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും സംഭവിക്കില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാവസാനം വരെ ബാബറി മസ്ജിദ് പുനർനിർമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും യോഗി പരിഹാസമുയർത്തി. രാം ലല്ലയ്ക്കായി തങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമിക്കുമെന്നും തങ്ങൾ പറഞ്ഞിരുന്നുവെന്ന് ഓർമിപ്പിച്ച യോഗി അതിൽ ഇനി എന്തെങ്കിലും സംശയമുണ്ടോയെന്നും ചോദിച്ചു.
നിയമം പാലിക്കുന്നവർക്ക് അതിന്റെ ഗുണമുണ്ടാകുമെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും വ്യക്തമാക്കി. നിയമം ലംഘിച്ച് സ്വർഗത്തിൽ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.